വര്‍ത്തമാന യുഗത്തില്‍, മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സമാന്തര വെര്‍ച്വല്‍ ലോകത്താണ് നാം ജീവിക്കുന്നത്. മൊബൈല്‍ സാങ്കേതികവിദ്യയുടെ വ്യാപക പ്രാധാന്യവും ഉപയോഗവും സൈബര്‍ ക്രിമിനലുകളെ പ്രലോഭിപ്പിക്കുകയും സൈബര്‍ കുറ്റങ്ങളും തട്ടിപ്പുകളും നടത്താന്‍ പുതിയതും നവീനവുമായ വഴികള്‍ അവര്‍ അവലംബിക്കുകയും ചെയ്യുന്നു.

വ്യക്തിയുടെ ഫോണ്‍ നമ്പറിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ ഏറ്റെടുക്കുകയും അതിനെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന സൈബര്‍ തട്ടിപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ആണ് മൊബൈല്‍ സിം ക്ലോണിംഗ്. മൊബൈല്‍ വരിക്കാരെ വഞ്ചിക്കുന്നതിനാണ് തട്ടിപ്പുകാര്‍ ഇത് നടത്തുന്നത്.

എന്താണത്?

യഥാര്‍ഥമായ ഒരു സിമ്മില്‍ നിന്ന് വ്യാജ സിം സൃഷ്ടിക്കുന്നതാണ് അടിസ്ഥാനപരമായി സിം ക്ലോണിംഗ്. സിം സ്വാപ്പിംഗിന് സമാനമാണിത്. എന്നിരുന്നാലും, ഇത് സാങ്കേതികമായി നവീനമായ വിദ്യയാണ്. ഇതുപ്രകാരം യഥാര്‍ഥ സിം കാര്‍ഡിന്റെ കോപ്പി ചെയ്യാന്‍ സോഫ്റ്റ് വേര്‍ ഉപയോഗിക്കുന്നു. ഇരയുടെ ഇന്റര്‍നാഷണല്‍ മൊബൈല്‍ സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി (ഐഎംഎസ്‌ഐ), എന്‍ക്രിപ്ഷന്‍ കീ എന്നിവയുടെ ആക്‌സസ്സ് ലഭിക്കാനാണ് ഇത് ചെയ്യുന്നത്. മൊബൈല്‍ ടെലിഫോണിയിലെ വരിക്കാരെ തിരിച്ചറിയാനും പ്രാമാണീകരണം നടത്താനുമാണ് ഇവ ഉപയോഗിക്കുക. സിം ക്ലോണിംഗ് ചെയ്യുന്നതിലൂടെ തട്ടിപ്പുകാരന്‍ നിയന്ത്രണമേറ്റെടുക്കുകയും, പിന്തുടരുകയും, നിരീക്ഷിക്കുകയും, കോളുകള്‍ ശ്രദ്ധിക്കുകയും, പ്രസ്തുത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോളുകള്‍ നടത്തുകയും, ടെക്‌സ്റ്റ് അയയ്ക്കുകയും ചെയ്യുന്നു.